News

WELCOME TO NEW EDUCATIONAL YEAR 2020-21 ... ..............................ക്രിസ്ത്യന്‍, മുസ്ലിം ,കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്കൂളില്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി september 30 ...... ഒ ഇ സി സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി october 15 (2020)........സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Monday 28 September 2015

ഇന്ന് സെപ്തംബര്‍ 29 'ലോക ഹൃദയ ദിനം'




ഹൃദ്രോഗം ഒരു സാധാരണ രോഗമായി മാറിയിരിക്കുന്നു. ഹൃദയത്തിന്റെ പ്രാധാന്യം മറക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്തംബര്‍ 29 'ലോക ഹൃദയ ദിനം' ആയി ആചരിക്കുന്നത്. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും യുനെസ്‌കോയും ചേര്‍ന്നാണ് ലോക ഹൃദയ ദിനാചരണം നടത്തുന്നത്.
'ഹൃദയത്തിനായി ആരോഗ്യ പരമായ ചുറ്റുപാടുകള്‍ ഉണ്ടാക്കുക' എന്നതാണ് ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം. 2025 ഓടെ ഹൃദ്രോഗ ബാധിതരുടെ എണ്ണം 25 ശതമാനമെങ്കിലും കുറയ്ക്കുക എന്നതാണ് ഈ വര്‍ഷത്തെ ഹൃദയ ദിനത്തിന്റെ ലക്ഷ്യം.
ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാവുന്നത്. പുകവലി, ഉയര്‍ന്ന പ്രായം, 140/90ല്‍ കൂടുതല്‍ രക്തസമ്മര്‍ദം, അമിത വണ്ണം, കൂടിയ കൊളസ്‌ട്രോള്‍, വ്യായാമമില്ലായ്മ, മെറ്റബോളിക് സിന്‍ഡ്രം, ഉത്കണ്ഠയും പിരിമുറുക്കവും, പ്രമേഹം എന്നിവയാണ് ഹൃദയാഘാതത്തിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത്.
ഇന്ന് ലോകത്തെ ഒന്നാം നമ്പര്‍ കൊലയാളിയായാണ് ഹൃദ്രോഗത്തെ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ പ്രതിദിനം 3,000 പേരോളം ഹൃദ്രോഗത്തിന് അടിമപ്പെടുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ നിയന്ത്രിക്കുക എന്നതാണ് ഹൃദ്രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നും കഴിക്കണം. പണ്ട് മരുന്നുകള്‍ കഴിക്കാന്‍ ഏവരും മടിച്ചിരുന്നു. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും എന്നതായിരുന്നു ഇതിന് കാരണം. എന്നാല്‍ ഇന്ന് എത്തുന്ന മരുന്നുകള്‍ വൃക്ക സംരക്ഷണം കൂടി ഉറപ്പുവരുത്തുന്നതിനാല്‍ ഇത്തരത്തിലുള്ള ഒരു ഭയത്തിന്റെയും ആവശ്യമില്ല.
90 ശതമാനത്തോളം ഹൃദ്രോഗത്തിന്റെ പ്രധാനമായ അഞ്ച് കാരണങ്ങള്‍ പുകവലി, രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍, പാരമ്പര്യം എന്നിവയാണ്. 25 ശതമാനത്തോളം ഹൃദ്രോഗത്തിന് പുകവലി കാരണമാകുന്നുണ്ട്. ഉറക്കം ജീവിതശൈലിയില്‍ പ്രധാന ഘടകമാണ്. ഏഴ് മണിക്കൂര്‍ ശരിയായ ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്.
ഹൃദയാഘാതമുണ്ടായാല്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. രക്തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. പ്രമേഹമുള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്രമമായി വ്യായാമത്തിലേര്‍പ്പെടണം. പുകവലി, മദ്യപാനം തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കണം. മാനസിക പിരിമുറുക്കം കുറയ്ക്കാനായി യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുന്നത് നല്ലതാണ്. തുടര്‍ പരിശോധനകളും മുടങ്ങാതെ നടത്തണം.
പ്രാഥമിക പരിശോധന മുതല്‍ ആന്‍ജിയോഗ്രാഫി വരെയുള്ള പല ഹൃദയ പരിശോധനകളും നിലവിലുണ്ട്. ഒ.പി.യില്‍ പെട്ടന്ന് രോഗം നിര്‍ണയിക്കാനാണ് ഇ.സി.ജി. (ഇലക്‌ട്രോ കാര്‍ഡിയോഗ്രാം) എന്ന പരിശോധന. രോഗിയെ ക്രമമായ വ്യായാമരീതിക്ക് വിധേയമാക്കി, അപ്പോഴെടുക്കുന്ന ഇ.സി.ജി. പരിശോധിക്കുന്ന ടെസ്റ്റ് ആണ് ടി.എം.ടി. അഥവാ 'ട്രെഡ്മില്‍' ടെസ്റ്റ്. ശരീരത്തിലെ ഏതെങ്കിലുമൊരു പ്രധാന സിരയില്‍കൂടി  ട്യൂബ് കടത്തിവിടുന്ന ഹൃദയ പരിശോധനയാണ് കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍.
റേഡിയോ ആക്ടീവ് തരംഗങ്ങള്‍ ഉപയോഗിച്ച് ഹൃദയ ചിത്രങ്ങളെടുക്കുന്ന റേഡിയോ ന്യൂക്ലൈഡ് ഇമേജിങ്, സി.ടി. സ്‌കാനിങ്, അതിസൂക്ഷ്മ ഭാഗങ്ങളുടെ പോലും ചിത്രമെടുക്കാനുള്ള എം.ആര്‍.ഐ. സ്‌കാനിങ് തുടങ്ങിയ ടെസ്റ്റുകളുമുണ്ട്.
ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തണം. കാര്‍ബോ ഹൈഡ്രേറ്റ്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുന്നതാണ് നല്ലത്. രാത്രി ഭക്ഷണത്തില്‍ അരിയാഹാരത്തിന് പകരം ചപ്പാത്തിയും പഴങ്ങളും ഉള്‍പ്പെടുത്താം. മീനും കോഴിയിറച്ചിയും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ എണ്ണ അധികമാകാതെ സൂക്ഷിക്കണം. റെഡ് മീറ്റ് പൂര്‍ണമായും ഒഴിവാക്കണം. മുട്ട ദിവസവും കഴിക്കുന്നവരാണെങ്കില്‍ മുട്ടയുടെ മഞ്ഞ ഒഴിവാക്കേണ്ടതാണ്.
രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ടത്, പപ്പടം തുടങ്ങിയവ ഒഴിവാക്കണം. വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കണം. ആരോഗ്യമുള്ള ഹൃദയത്തിന് ഏറ്റവും നല്ലത് ചിട്ടയായ വ്യായാമമാണ്.
വ്യായാമം ചെയ്യാത്തവരില്‍ ഹൃദ്രോഗസാധ്യത ഇരട്ടിയാണ്. ഒരു പ്രാവശ്യം അറ്റാക്ക് ഉണ്ടായ വ്യക്തിക്ക് വ്യായാമം കൊണ്ട് രണ്ടാമതൊന്ന് വരാനുള്ള സാധ്യത 25 ശതമാനം വരെ കുറയ്ക്കാം. ഹൃദയമിടിപ്പിന്റെ വേഗം പരിഗണിച്ചാണ് വ്യായാമം ചെയ്യേണ്ടത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രഷര്‍, പ്രമേഹം, ശ്വാസംമുട്ടല്‍, സന്ധിവേദന, തലകറക്കം തുടങ്ങിയ രോഗമുള്ളവര്‍ ഡോക്ടറുടെ വിദഗ്‌ധോപദേശം തേടിയ ശേഷം മാത്രമേ വ്യായാമ രീതികള്‍ തിരഞ്ഞെടുക്കാവൂ. ഹൃദയാരോഗ്യത്തെ കുറിച്ച് സ്‌കൂള്‍ കാലം മുതലേ ബോധവത്കരണം ആവശ്യമാണ്. അവ കൃത്യമായി പാലിക്കുകയും വേണം.